15 July 2008

ഏറ്റവും വലിയ തൂക്കുപാലം ചൈനയില്‍‍

കുമാര്‍ ഇലവുംതിട്ട (Aswamedham News Team)‍
-----------------------------------------------
ഷാങ്ഹായി : ചൈനയിലെ യാങ്സി നദിയ്ക്ക് കുറുകെ ആറുവരികളിലായി നിര്‍മ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം തുറന്നു. പാലത്തിന്റെ നീളം 1,088 മീറ്ററാണ്. ജപ്പാനിലെ 890 മീറ്റര്‍ നീളമുള്ള തടാറ പാലത്തില്‍ റെക്കോര്‍ഡാണ് ഇപ്പേള്‍ ചൈന തകര്‍ത്തത്.ഈ തൂക്കുപാലം ഷാങ്ഹായി-നന്ദോങ് നഗരങ്ങളെ ബന്ധിപ്പിക്കുന്നു. നേരത്തെ നാലുമണിക്കൂര്‍ യാത്ര ചെയ്യേണ് ടിയിരുന്ന ഈ നഗരങ്ങളില്‍ പാലം തുറന്നതോടെ ഒരുമണിക്കുറായി യാത്ര ചുരുങ്ങി.മുപ്പതിനായിരത്തില്‍ പരം വാഹനങ്ങള്‍ ഒരേസമയം പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ടികൊണ് ടാണ് ട്രെയില്‍ റണ്‍ നടത്തിയത്.

വാര്‍ദ്ധക്യം ശാപമോ‍‍

‍അജിത്ത് വെള്ളനാട്
-----------------------------------------------------
വിറയാര്‍ന്ന കൈകള്‍, ചുക്കിച്ചുളിവുകള്‍, വീണമുഖം, ചുറ്റം പ്രകാശ പൂരിതമാണെങ്കിലും വെളിച്ചം തേടുന്ന ഇമയടയാത്ത കണ്ണുകള്‍, ഉഗ്രശബ്ദങ്ങള്‍പോലും ഇവര്‍ക്ക് നേര്‍ത്തലിഞ്ഞ ദൂരനാദങ്ങളാണ്. ഇരിക്കുന്നിടത്തുനിന്ന് ഒന്നനങ്ങിയിരിക്കാന്‍ പരസഹായത്തിനുവേണ്ടി കാത്തിരിക്കുന്ന ഇവര്‍ ഈ തലമുറയെ വാര്‍ത്തെടുക്കാന്‍വേണ്ടി കാലവീഥികളെ കീഴടക്കിയവരാണ്. ജീവിത സായാഹ്നമായപ്പോല്‍ കാലിറടിവീണു പോയി. ഇവരെ കണ്ടില്ലെന്നു നടിക്കുകയാണ് ഈ തലമുറ. ചിരന്തന മൂല്യങ്ങളെ പിന്തള്ളിക്കൊണ്ട് മുന്‍തലമുറയ്ക്കെതിര്‍ദിശയില്‍ ചരിക്കുന്ന പിന്‍തലമുറ. വാര്‍ദ്ധക്യം ബാധിച്ചവരെ കേരളത്തിന് സഹായിക്കാന്‍ മനസ്സില്ല. വാര്‍ദ്ധക്യം ബാധിച്ചവര്‍ ബാധ്യതയായി മാറിന്നു കേരളത്തിന് . പരിചരണയും ശ്രദ്ധയും ലഭിക്കാതെ സഹിക്കാനാതെ വൃദ്ധ ജനങ്ങള്‍ മരിക്കുവാന്‍ ആഗ്രഹിക്കുന്ന ഭീകരാവസ്ഥ കേരളത്തില്‍ സംജാതമായിക്കൊണ്ടിരിക്കുന്നു. നന്‍മകള്‍ നശിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ കേരളത്തില്‍ നമുക്ക് ഒരു സാമൂഹ്യതിന്മകൂടി നമുക്കിടിയില്‍ ആഴത്തില്‍ വേരൂന്നുകയാണ്.
r/>വാര്‍ദ്ധക്യം ഒരു വൈകല്യമല്ല. ജീവിതത്തില്‍ ആര്‍ക്കും ഒഴിച്ചു നിര്‍ത്താനാവാത്ത ഒരു അവസ്ഥയാണ്. കുട്ടികളെപ്പോലെ വൃദ്ധജനങ്ങളും ആശ്രിതരാണ്. മാത്രമല്ല വാര്‍ദ്ധക്യദശയില്‍ സ്വഭാവരീതികളും ഏതാണ്ട് കുട്ടികളുടേതുപോലെയാണ്. നിര്‍ബന്ധം, പിടിവാശി ഇങ്ങനെ ജീവിതത്തിലൊരു രണ്ടാം ബാല്യം. ‘അയാള്‍ വയസ്സായി, ഇനി അയാളെക്കൊണ്ടൊന്നിനും കഴിയില്ല’ എന്ന നിലപാട് വൃദ്ധജനങ്ങളോടുള്ള ഏറ്റവും ക്രൂരമായ സമീപനമാണ്. അയാള്‍ എന്ന വാക്കുമാറ്റി പകരം പ്രായത്തിന്റെയെങ്കിലും ആദരം നല്‍കി അദ്ദേഹം എന്നു പറയാന്‍പോലും നാം മടികാണിക്കുന്നു. ഇത്തരം സമീപനത്തെ വൃദ്ധജനങ്ങള്‍ തിരിച്ചറിയുകകൂടി ചെയ്യുമ്പോള്‍ നമുക്കു വഴികാട്ടികളായ ഇവര്‍ തെളിയിച്ച വഴിവിളക്ക് താനെ കെട്ടു പോവുകയാണ്. തൊഴിലിടങ്ങളില്‍ നിന്നും അവരെ ഒഴിവാക്കുന്നു. ഇതുവരെ ജീവിതത്തില്‍ അവര്‍ നേടിയെടുത്ത അനുഭവസമ്പത്തും അറിവും അവഗണിക്കപ്പെടുന്നു. അവരുടെ അഭിപ്രായങ്ങള്‍ നിരാകരിക്കപ്പെടുന്നു. ബന്ധുക്കള്‍ അവരില്‍ നിന്നും അകലുന്നു. രോഗംമൂലം ആരോഗ്യം ക്ഷയിക്കുന്നു. മാനസിക പിരിമു
റുക്കവും ഉത്കണ്ഠയും കാരണം സമനിലതെറ്റുന്നു. ചുറ്റുവട്ടത്തുള്ളതെല്ലാം അറിയുന്നുണ്ടെങ്കിലും പ്രതികരിക്കാനാവാതെ വ്യഥിതരായിരിക്കേണ്ടുന്ന അവസ്ഥ. ഇങ്ങനെ വാര്‍ദ്ധക്യകാലത്തെ വേദനകള്‍ എത്രയെത്ര. വൃദ്ധജനങ്ങളോടുള്ള സമീപനത്തില്‍ മഹിതമായൊരു പൈതൃകമാണ് നമുക്കുള്ളത്. എന്നാല്‍ പണ്ടുകാലങ്ങളില്‍ കുടുംബത്തിലെയും സമൂഹത്തിലെയും മുതിര്‍ന്ന ആളുകള്‍ക്ക് ലഭിച്ചിരുന്ന പരിഗണനയും ആദരവും ഇന്ന് കാണുന്നില്ല. അന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ കുടുംബത്തിലെ മുതിര്‍ന്നവരുടെ സ്വാധീനം നിര്‍ണ്ണായകമായിരുന്നു. ഇതൊരു ഉത്തരവാദിത്ത്വമാണെന്ന ബോധം അവരിലുള്ളതുകൊണ്ട് ജീവിത സായന്തനത്തിലും തുടര്‍നാളുകള്‍ അവര്‍ക്ക് പ്രത്യാശയുടേതായിരുന്നു. എന്നാലിന്ന് ഉത്തരവാദിത്ത്വങ്ങളില്‍ നിന്നും നാം അവരെ ഒഴിവാക്കി നിര്‍ത്തി. അനുദിനം മാറിവരുന്ന സാമൂഹിക ക്രമവും കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റവും വൃദ്ധജനസമൂഹത്തോടുള്ള അവഗണനയ്ക്ക് ആക്കം കൂട്ടി. അന്ധമായ വാണിജ്യവല്‍ക്കരണം കുടുംബബന്ധങ്ങളെപ്പോലും ശിഥിലമാക്കി. ആഡംബര ജീവിതം മലയാളികള്‍ക്ക് ശീലമായി. യുവജനങ്ങളും വൃദ്ധജനങ്ങളും തമ്മിലുള്ള അനുപാതം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കൂടുതലാണ്. കേരളത്തിലെ വൃദ്ധജനങ്ങളില്‍ 45 ശതമാനത്തോളംപേരുടെ ജീവിതം ഉത്കണ്ഠ, മാനസിക പിരിമുറുക്കം, ഡിപ്രഷന്‍ എന്നിങ്ങനെ നിരവധി മാനസിക പ്രശ്നങ്ങളാല്‍ ദുരിതപൂര്‍ണ്ണമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, സമൂഹത്തിലെ ഒറ്റപ്പെടല്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ഇവരെ സദാ അലട്ടിക്കൊണ്ടിരിക്കുകയാണ്.ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളില്‍ ഉന്നത പരിശീലനം നേടാനെത്തുന്ന പുതുതലമുറയെ പരിശിലീപ്പിക്കുന്നവര്‍ വാര്‍ദ്ധക്യത്തിലെത്തിനില്‍ക്കുന്നവരാണെന്ന കാര്യം പലപ്പോഴും നാം സൌകര്യപൂര്‍വ്വം മറന്നുകളയാറുണ്ട്. അനുഭവ സമ്പത്തിന്റെ കാച്ചിക്കുറുക്കിയ ജ്ഞാനം നമുക്ക് പകര്‍ന്നുതരുന്നത് ഇവരാണ്. ഇത്തരം ആളുകള്‍ക്ക് വാര്‍ദ്ധക്യം ചടുലമായ ബാല്യം പോലെയാണ്. എന്തുകൊണ്ടിങ്ങനെ സാധിക്കുന്നു. ആരോഗ്യപരമായും ബുദ്ധിപരമായും വാര്‍ദ്ധക്യത്തെ നേരിടാന്‍ ശ്രമിച്ചാല്‍ ഇത് സാധ്യമാകും.സാമൂഹ്യപ്രശ്നങ്ങളില്‍ സജീവ പങ്കാളിയാവുക, എല്ലാ പ്രായത്തിലുള്ളവരുമായും വിവേചനമില്ലാതെ പെരുമാറുക, സ്വന്തം പ്രശ്നങ്ങളെ ഓര്‍ത്ത് സദാ ദുഃഖംപൂണ്ടിരിക്കുന്നത് ഒഴിവാക്കുക. ആവശ്യമായ വിനോദങ്ങളില്‍ ഏര്‍പ്പെടുക, ക്രമമായ വ്യായാമം ചെയ്യുക, മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുക, നിലവിലുള്ള അവസ്ഥയില്‍ സംതൃപ്തരാവുക, അനുദിനം ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.പുതിയ തലമുറ ഈ കാലഘട്ടത്തിന്റെ പ്രതിരൂപങ്ങളാണ്. അവരോട് സമരസപ്പെടാനുള്ള മനസ് മുതിര്‍ന്നവരും കാണിക്കേണ്ടതുണ്ട്. പരമ്പരാഗതവിശ്വാസങ്ങളില്‍നിന്ന് അണുവിടമാറാതെ മുറുകെ പിടിക്കുക, കാലത്തിനനുസരിച്ചുള്ള ഗുണപരമായ മാറ്റങ്ങള്‍ക്ക് വിധേയമാകാതിരിക്കുക എന്നിങ്ങനെ പുതിയ തലമുറയോട് ഒരു തരം അപകര്‍ഷതാബോധത്തോടെ പെരുമാറുന്നതും ഉചിതമല്ല. ഏവര്‍ക്കും വാര്‍ദ്ധക്യം വരും. അതുകൊണ്ട് വാര്‍ദ്ധക്യം ആസന്നമാകുമ്പോള്‍ സമചിത്തതയോടെ നേരിടാന്‍ വേണ്ടത്രം തയ്യാറെടുപ്പ് നടത്തുന്നത് നന്നായിരിക്കും. ആരോഗ്യം, സാമ്പത്തികം, ജീവിതചര്യ എന്നിവയെക്കുറിച്ച് മുന്‍കൂട്ടിയുളഅള ആസൂത്രണം ഉണ്ടാകണം. ഹൃദ്യമായ വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമവും വേണം. വൃദ്ധജനപരിപാലനം, അവരോടുള്ള സമീപനം എന്നീ കാര്യങ്ങളില്‍ സമൂഹത്തിനും ചില ഉത്തരവാദിത്ത്വങ്ങളുണ്ട്. അതില്‍ പ്രധാനം സമൂഹത്തിന്റെ മുഖ്യധാരയില്‍ അവരെ നിലനിര്‍ത്തുക എന്നതാണ്. മുതിര്‍ന്ന പൌരന്മാരുടെ സേവനവും അറിവും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയും അതിനുള്ള അവസരമൊരുക്കുകയും ചെയ്യണം. അനുഭവങ്ങളിലൂടെ അവര്‍ ആര്‍ജ്ജിച്ച അറിവും വിഭവങ്ങളും തലമുറകളിലേക്ക് പകര്‍ത്താനുള്ള വഴിയൊരുക്കുക. ചെറുമക്കളുടെ സ്വഭാവരൂപീകരണത്തില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പങ്ക് വളരെ വലുതാണ്. മുത്തശ്ശിയുടെ മടിയിലിരുന്ന് ഇമവെട്ടാതെ കഥ കേള്‍ക്കുന്ന കുട്ടി യഥാര്‍ത്ഥത്തില്‍ ജീവിതായോധനത്തിനുള്ള കരുക്കള്‍ നേടുകയാണ്. ജീവിതമാര്‍ഗ്ഗം തേടി അന്യനാട്ടിലെത്തി അവിടെ സ്ഥിരതാമസമാക്കുമ്പോള്‍ നാട്ടില്‍ വസിക്കുന്ന വൃദ്ധമാതാപിതാക്കള്‍ ബാധ്യതയായിതീര്‍ന്നുവെന്നു കരുതുന്ന മക്കളുടെ എണ്ണം മലയാളികളുടെ ഇടയില്‍ ഏറിവരുകയാണ്. കഠിനാദ്ധ്വാനത്തിലൂടെ ഉന്നത പദവിയിലെത്തുന്ന മക്കള്‍ക്ക് അച്ഛനമ്മമാര്‍ തങ്ങളുടെ പദവിക്കൊത്തവരല്ലാതായി തോന്നുന്നു. സ്വത്തുവകകള്‍ കൈക്കലാക്കിയശേഷം മാതാപിതാക്കളെ ശല്യക്കാരായി കരുതുന്ന കൂട്ടരും കുറവല്ല. കേരളത്തിലെ വൃദ്ധസദനങ്ങളിലേക്ക് കടന്നു ചെന്നാല്‍ ഏറ്റവും കൂടുതല്‍ കാണുന്ന തിരസ്ക്കരിക്കപ്പെട്ട വൃദ്ധസമൂഹത്തിനുത്തരവാദികള്‍ ഇക്കൂട്ടരാണ്.നമ്മുടെ അച്ഛനമ്മമാരേക്കാള്‍ കൂടുതല്‍ നമ്മെ കളങ്കമില്ലാതെ സ്നേഹിച്ചവരായി ഈ ലോകത്ത് മറ്റാരെങ്കിലുമുണ്ടോ.... ? നമുക്ക് വേണ്ടി ജീവിക്കുകയും നേടിയതെല്ലാം നമുക്കു തരുകയും ചെയ്തവരല്ലേ അവര്‍... എന്നിട്ട് ഇതുവരെയുള്ള നമ്മുടെ ജീവിതത്തില്‍ നമുക്കെന്താണ് അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ പാപവഴികളില്‍ നിന്നും ഈ തലമുറയെ മുക്തരാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.ഇടറുന്ന വാര്‍ദ്ധക്യങ്ങള്‍ക്ക് വിശ്രാന്തി നല്‍കുക. കാലത്തിനൊപ്പം നമുക്കായി ഓടിത്തളര്‍ന്ന് കുഴഞ്ഞു വീണ ഇവര്‍ക്ക് സാന്ത്വനവും സ്നേഹവും നല്‍കുക. വൃദ്ധരോട് സാന്ത്വനവും സ്നേഹവും നല്‍കാന്‍ മനസ്സില്ലാത്തവര്‍ ഓര്‍ക്കുക, കാലം നമ്മളെയും വൃദ്ധരാക്കും.